ബഡ്സ്

ബഡ്സ് (BUDS) സ്ഥാപനങ്ങൾ
കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്നങ്ങളിൽ ഏറ്റവും വലിയ കാൽവെപ്പായിരുന്നു കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ആരംഭിച്ച ബഡ്സ് സ്പെഷ്യൽ സ്കൂളുകളും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും. ബുദ്ധിപരമായ ബലഹീനതകൾ നേരിടുന്നവർക്കുള്ള പ്രത്യേക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം പോലെതന്നെ ക്രമാനുസൃതവും ശാസ്ത്രീയവുമായി രൂപപ്പെടുത്തുക വഴി മാത്രമേ ഇവരുടെ പരമാവധി വികസനം സാധ്യമാക്കാനും അവരെ സ്വാശ്രയത്ത്വത്തിലേയ്ക്ക് നയിക്കുന്നതിനും സാധിക്കുകയുള്ളൂ. കേരളത്തിലും ഇൗ വിഷയം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കാലത്താണ്  ബുദ്ധിപരമായി ബലഹീനതകൾ നേരിടുന്നവരെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്  കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യം കുടുംബശ്രീ ഏറ്റെടുത്തത്.   കുടുംബശ്രീയുടെ സാമൂഹ്യ ഇടപെടലുകളിൽ ഏറ്റവും ശക്തമായ പ്രവർത്തനങ്ങളിലൊന്നാണ് ബഡ്സ് സ്ഥാപനങ്ങൾ. വീടുകൾക്കുള്ളിൽ  നാലു ചുമരുകൾക്കിടയിൽ തളയ്ക്കപ്പെട്ടിരുന്ന ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും നീറുന്ന ജീവിതത്തിൽ നിന്നും സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാൻ ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീക്ക് ഇന്നും കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.
 

മാനസികവും ബുദ്ധിപരവുമായി ബലഹീനതകൾ നേരിടുന്നവർക്ക്  വിദ്യാഭ്യാസവും, തൊഴിൽ പരിശീലനവും, പുനരധിവാസവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 18 വയസുവരെ പ്രായമുള്ള മാനസിക ബുദ്ധിപരവുമായ ബലഹീനതകൾ നേരിടുന്നവർക്ക് ബഡ്സ് സ്കൂളുകൾ വഴി സവിശേഷ വിദ്യാഭ്യാസം നൽകി വരുന്നു. 18  വയസു കഴിഞ്ഞവർക്ക് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലൂടെ (ബി.ആർ.സി) പ്രാദേശിക പുനരധിവാസവും, തൊഴിൽ പരിശീലനവും നൽകുന്നു. ഭിന്ന ശേഷിക്കാരെ പരാശ്രയത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

 

നിലവിൽ 200 പുതിയ ബഡ്സ് സ്കൂളുകൾ ആരംഭിക്കാനായി 200 തദ്ദേശ സ്ഥാപനങ്ങൾക്ക്  25 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയാണ് കേരളത്തിൽ നടപ്പിലാക്കി വരുന്നത്. ഇതിൽ 72 സ്ഥാപനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മുൻപുള്ള സ്ഥാപനങ്ങൾ എല്ലാം കൂട്ടുമ്പോൾ ആകെ 382 ബഡ്സ് സ്ഥാപനങ്ങൾ ആകെ അനുവദിച്ചിട്ടുണ്ട്. ഇതിൽ നിർമ്മാണം പൂർത്തിയായ 254 സ്ഥാപനങ്ങളിലായി ഏഴായിരത്തിലധികം കുട്ടികൾ പഠന പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ
1. പുതിയ ബഡ്സ് സ്ഥാപനങ്ങൾ ആരംഭിക്കൽ
കേരളത്തിലെ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 2018-19 സാമ്പത്തിക വർഷത്തിൽ 200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കൂടി ബഡ്സ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ നിർദേശ പ്രകാരം 12.5 ലക്ഷം രൂപ നൽകിയിരുന്നു. ഈ സ്ഥാപനങ്ങൾ ആരംഭിക്കുന്നതോടൊപ്പം ജില്ലകളിൽ നിന്നും പുതിയതായി ബഡ്സ് സ്ഥാപനങ്ങളുടെ ആവശ്യകത കൂടെ കണക്കിലെടുത്തു അവ കൂടി പ്രവർത്തന ക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

2. മാതൃക ബഡ്സ് സ്ഥാപനങ്ങൾ
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ 2004 ആണ് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി ആദ്യമായി ബഡ്സ് സ്ഥാപനം ആരംഭിച്ചത്. കാലക്രമേണ കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ പകൽ പരിപാലനത്തിന് അയക്കുന്ന ഒരു കേന്ദ്രമെന്ന നിലയിലാണ് ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ആയതുകൊണ്ട് തന്നെ വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് പല സ്ഥാപനങ്ങളും ആരംഭിച്ചതും പ്രവർത്തിക്കുന്നതും. ഈ ഒരു അവസ്ഥയിൽ നിന്നും ബഡ്സ് സ്ഥാപനങ്ങളെ മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്. ആയതിനാൽ പുതിയതായി ആരംഭിക്കുന്നതോ പഴയ സ്ഥാപനങ്ങളിൽ പുനർ നിർമ്മാണം നടത്തുന്നവയോ ആയ ബഡ്സ് സ്ഥാപനങ്ങളെ ഒരു മോഡൽ സ്ഥാപനമായി ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഒരു ബ്ലോക്കിൽ ഒന്ന് എന്ന നിലയിൽ മോഡൽ ബഡ്സുകൾ ഉയർത്തിക്കൊണ്ടു വരേണ്ടത് ആധുനിക കാലത്തിന്റെ ആവശ്യമാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ മികച്ച വിദ്യാഭ്യാസ പുനരധിവാസ സൗകര്യങ്ങൾ ഒരുക്കുകയും അതിലൂടെ അവരുടെ സമഗ്ര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

3. പരിശീലന പ്രവർത്തനങ്ങൾ
ബഡ്സ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ സേവന സന്നദ്ധതയും, ജോലിയോടുള്ള പ്രതിബദ്ധതയും ഉയർത്തുന്നതിനും, വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനും, തങ്ങളായിരിക്കുന്ന സേവന മേഖലയിലെ മാറ്റങ്ങൾ അറിയുന്നതിനും തക്ക വിധത്തിലുള്ള പരിശീലനങ്ങൾ അധ്യാപകർക്ക് നൽകേണ്ടതായിട്ടുണ്ട്. അതു പോലെ തന്നെ ആയമാർക്കും കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകിയാൽ മാത്രമേ അവരുടെ സേവന മേഖലകളിൽ അവർക്കു ആവശ്യമായ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാൻ സാധിക്കുകയുള്ളു. ബഡ്സ് സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രാധാന്യത്തെ കുറിച്ചും വ്യക്തമായ ധാരണകൾ നൽകേണ്ടതായിട്ടുണ്ട്. ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ജില്ലാ തലത്തിൽ ബഡ്സ് ഉപദേശക സമിതി ചേരേണ്ടതും ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളെ നല്ല രീതിയിൽ പ്രവർത്തന സജ്ജമാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളേണ്ടതുമാണ്. ജില്ലാ തലത്തിൽ അധ്യാപകരുടെ റിവ്യൂ മീറ്റിംഗ് നടത്തേണ്ടതാണ്. ഈ പരിശീലനങ്ങൾ കൂടാതെ എസ്.സി.ഇ.ആർ.ടി നൽകുന്ന കരിക്കുലം പരിശീലനവും അധ്യാപകർക്ക് ലഭിക്കുന്നതായിരിക്കും. കുടുംബശ്രീ എസ്.സി. .ഇ.ആർ.ടി യുമായി കൂടി ചേർന്ന് നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഈ പരിശീലനം നടത്തുക.

4. ബഡ്സ് സ്ഥാപനങ്ങൾക്ക് വാഹനം
ബഡ്സ് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും, അധ്യാപക- അനധ്യാപകരുടെ ശമ്പളം മറ്റ് ചെലവുകൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ബഡ്സ് സ്ഥാപനങ്ങളിൽ കൂടുതലും ചേർന്നിരുന്നത്. ബഡ്സ് സ്കൂളുകളുടെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ആവശ്യമായ വാഹനം വാങ്ങുന്നതിനുള്ള ചെലവ് വഹിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിൽ കുടുംബശ്രീയുടെ ശ്രമഫലമായി സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്നും തുക ലഭ്യമാക്കി 11 ബഡ്സ് സ്ഥാപനങ്ങൾക്ക് വാഹനം 2010-ൽ കുടുംബശ്രീ മുഖാന്തരം വാങ്ങി നൽകുകയുണ്ടായി.
എന്നാൽ തുടർന്ന് അംഗീകാരം ലഭിച്ച സ്കൂളുകളിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി. സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിക്കുകയും 22.02.2011 ൽ ചേർന്ന ഗവേണിംഗ് ബോഡി യോഗം ടി. സ്കൂളുകൾക്ക് വാഹനം ലഭ്യമാക്കുന്നതിന് അനുമതി നൽകുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ 17/09/2011 ന് കുടുംബശ്രീ മിഷന് ലഭ്യമായ പദ്ധതി വിഹിതത്തിൽ നിന്നും തുക ചെലവഴിച്ച് 22 സ്കൂളുകൾക്ക് വാഹനം വാങ്ങി നൽകുകയുണ്ടായി. 2012 - ൽ 13 ഉം, 2015 - ൽ 6 വാഹനങ്ങളും ഉൾപ്പെടെ ആകെ 52 വാഹനങ്ങൾ കുടുംബശ്രീയ്ക്ക് ലഭിച്ച പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി വാങ്ങി നൽകിയിട്ടുണ്ട്.
കുടുംബശ്രീയുടെ ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 30 ബഡ്സ്  സ്കൂളുകൾക്ക് കൂടി വാഹനം വാങ്ങി നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിനെ അടിസ്ഥാനമാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തുക നൽകുവാൻ ജില്ലാ മിഷനുകൾക്കും അറിയിപ്പ് നൽകിയിരുന്നെങ്കിലും എറണാകുളം ജില്ലയ്ക്ക് മാത്രമാണ് തുക നൽകുവാനായി സാധിച്ചത്. ബാക്കിയുള്ള ജില്ലകൾ ഈ വർഷം ആ തുക നൽകി ബഡ്സ് സ്കൂളുകൾക്ക് വാഹനം ലഭ്യമാക്കേണ്ടതുണ്ട്. ജില്ലകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചു തയ്യാറാക്കിയിട്ടുള്ള ലിസ്റ്റ് അനുസരിച്ചാണ് വാഹനം വാങ്ങുന്നതിനുള്ള തുക നൽകുന്നത്.

5. ബഡ്സ് കലോത്സവം
ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയിൽ കലാകായിക പ്രവർത്തനങ്ങൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. സംഗീതം, ന്യത്തം, കല, കൈവേല, കായികം, യോഗ എന്നിവ ഇപ്പോൾ വിദ്യാലയങ്ങളിൽ പാഠ്യവിഷയങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ കഴിവുകളെയും പ്രതിഭകളെയും പോഷിപ്പിക്കുന്നതിനുളള സർഗ്ഗാത്മക പ്രവർത്തനങ്ങളാണ് ഇവയെല്ലാം. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനുമായി ബഡ്സ് കലോത്സവങ്ങൾ സ്ഥാപന, ജില്ലാ, സംസ്ഥാന തലങ്ങളിൽ സംഘടിപ്പിച്ചു വരുന്നു.

6. അമ്മമാർക്കും കുട്ടികൾക്കുമായി സൂക്ഷ്‌മ സംരംഭങ്ങൾ
ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് പലപ്പോഴും കുട്ടികളോടൊപ്പം ബഡ്സ് സ്ഥാപനങ്ങളിൽ തന്നെ ചെലവഴിക്കേണ്ടി വരുന്നതിനാൽ  കുട്ടികളുടെ അമ്മമാർക്കും അതു പോലെ തന്നെ ബഡ്സ് സ്ഥാപനങ്ങളിലെ 18 വയസിനു മുകളിലുള്ളവർക്കും സ്ഥിര വരുമാനം ഉറപ്പാക്കുന്ന വിധത്തിലുള്ള സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ചു അവരെ സ്വാശ്രയത്വത്തിലേക്കു നയിക്കുവാൻ സാധിക്കേണ്ടതുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ അമ്മമാർക്ക് മാത്രമായോ അല്ലെങ്കിൽ അമ്മമാരും കുട്ടികളും കൂടി ചേർന്നുള്ളതോ ആയ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നത് ഉചിതമാണ്. ഉപജീവന മാർഗങ്ങൾ ഒരുക്കുന്നതിനായി 2018-19 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ സൂക്ഷ്‌മ സംരംഭ പദ്ധതിയിൽ ഉൾപ്പെടുത്തി സൂക്ഷ്‌മ സംരംഭങ്ങൾ കുട്ടികൾക്കും അമ്മമാർക്കുമായി ആരംഭിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലും ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലേക്കായി കുടുംബശ്രീയുടെ  സൂക്ഷ്‌മ സംരംഭ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സൂക്ഷ്‌മ സംരംഭങ്ങൾ വളരെ മികച്ച രീതിയിലാണ് ബഡ്സ് സ്ഥാപനങ്ങളിൽ നടന്നു വരുന്നത്.

7. സഞ്ജീവനി - അഗ്രിതെറാപ്പി
ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ്വേകുന്നതിനായി കുടുംബശ്രീയുടെ കാർഷിക വിഭാഗവുമായി ചേർന്ന് ബഡ്സ് സ്ഥാപനങ്ങളിൽ നടത്തുന്ന പദ്ധതിയാണ് സഞ്ജീവനി അഗ്രിതെറാപ്പി. ചെറുതോതിൽ കൃഷി ചെയ്ത് അതിൽ കുട്ടികൾ വ്യാപൃതരാകുമ്പോൾ അവർക്ക് മാനസികോല്ലാസവും ശാരീരിക വ്യായാമവും ലഭിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വളരെ മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. കേരളത്തിലെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

8. സ്പെഷ്യൽ ബാലസഭകൾ
ഒന്നോ അതിൽ അധികമോ അയൽക്കൂട്ട പരിധിയിൽ ഉൾപ്പെടുന്നതും 15 മുതൽ 30 വരെ കുട്ടികൾ (5  മുതൽ 18  വയസ്സ്) ചേർന്ന് രൂപപ്പെടുത്തുന്നതുമായ പ്രാദേശിക സംഘങ്ങൾ ആണ് ബാലസഭകൾ. തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെയുള്ള ജനാധിപത്യ ബോധം, സർഗശേഷി, വ്യക്തി വികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ ഉണ്ടാക്കുക എന്നതാണ്  ബാലസഭകളിലൂടെ ലക്ഷ്യം വയ്ക്കുന്നത് . വിവിധ ശിശു കേന്ദ്രീകൃത പരിപാടികളിലൂടെ അവരുടെ കഴിവുകളും ശേഷികളും വിപുലപ്പെടുത്തുന്നതിനു അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ആരോഗ്യപൂർണവും  മൂല്യാധിഷ്ഠിതവുമായ ഒരു പുതു തലമുറയാണ് ഇതിലൂടെ രൂപീകൃതമാകുന്നത്.
മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളായ എസ്.സി / എസ്.ടി, തീരദേശം, സ്പെഷ്യൽ ഹോമിലെ അന്തേവാസികൾ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കായി സ്പെഷ്യൽ ബാലസഭകൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു.വിവിധ ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടികളിലൂടെ അവരുടെ കഴിവുകൾ / ശേഷികൾ വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങളുടെ സാഹചര്യം സൃഷ്ടിക്കുകയും ഇതിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്തുകയുമാണ് ഈ പ്രവർത്തനത്തിലൂടെ നടപ്പിലാക്കേണ്ടത്. എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും സ്പെഷ്യൽ ബാലസഭകൾ രൂപീകരിക്കുക വഴി അവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ട് വരുവാൻ സാധിക്കും.

9. നിരാമയ ഇൻഷ്വറൻസ്
കേന്ദ്ര ഗവൺമെന്റിന്റെ നാഷണൽ ട്രസ്റ്റ് ആക്ട് 1999 ന്റെ പരിധിയിൽ വരുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരമായ വെല്ലുവിളികൾ, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവർക്ക് ജീവിതത്തിലുടനീളം ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന സമ്പൂർണ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നിരാമയ ഇൻഷ്വറൻസ്. ഒരു വർഷം ഒരു ലക്ഷം രൂപ വരെ ചികിത്സ ചെലവിനായി ഈ പദ്ധതിയിലൂടെ ലഭ്യമാക്കാൻ സാധിക്കും. മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ബുദ്ധിപരമായ ബലഹീനതകളുള്ളവർക്ക് വളരെയേറെ ഗുണപ്രദമായ ഒന്നാണ് ഈ പദ്ധതി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ജനുവരി,ഫെബ്രുവരി മാസങ്ങളിൽ പോളിസി പുതുക്കേണ്ടതാണ്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിനോ പോളിസി പുതുക്കുന്നതിനോ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല.