
ബാലസഭ
ഒരു വ്യക്തി ആർജ്ജിച്ചിട്ടുള്ള അറിവിന്റെ തലമാണ് അയാൾക്ക് സമൂഹത്തിൽ ലഭ്യമാകുന്ന അംഗീകാരത്തിന്റെ തോത് നിശ്ചയിക്കുന്നത്. ഈ സ്വയം ശാക്തീകരണ പ്രവർത്തനം ആരംഭിക്കുന്നതോ? അനുപേക്ഷണീയമായ തരത്തിൽ ആത്മ വിശകലനം, പ്രവർത്തന പങ്കാളിത്തം, അന്വേഷണം തുടങ്ങിയ സ്വാഭാവിക പ്രക്രീയയിലൂടെയും. ഇത്തരം വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു സ്വത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ചെറു സംഘമാണ് ബാലസഭ. ഒന്നോ അതിൽ അധികമോ അയൽക്കൂട്ട പരിധിയിൽ ഉൾപ്പെടുന്നതും 15 മുതൽ 30 വരെ കുട്ടികൾ (5 മുതൽ 18 വയസ്സ്) ചേർന്ന് രൂപപ്പെടുത്തുന്നതുമായ പ്രാദേശിക സംഘങ്ങൾ ആണ് ഇവ. കുടുംബശ്രീ സംഘടന സംവിധാനത്തിന് തത്തുല്യമായി മൂന്നു തലങ്ങളിൽ ആണ് ബാലസഭ സംവിധാനവും പ്രവർത്തിക്കുന്നത്. അടിസ്ഥാന തലത്തിൽ ബാലസഭ, വാർഡ് തലത്തിൽ ബാലസമിതി, തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ബാല പഞ്ചായത്ത് / ബാല നഗരസഭ തുടങ്ങിയവയാണ് ബാലസഭയുടെ മൂന്നു തലങ്ങൾ. തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെയുള്ള ജനാധിപത്യ ബോധം, സർഗശേഷി, വ്യക്തി വികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ ഉളവാക്കുക എന്നതാണ് ബാലസഭയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിവിധ ശിശു കേന്ദ്രീകൃത പരിപാടികളിലൂടെ അവരുടെ കഴിവുകളും ശേഷികളും വിപുലപ്പെടുത്തുന്നതിനു അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം ആരോഗ്യപൂർണവും മൂല്യാധിഷ്ഠിതവുമായ ഒരു പുതു തലമുറയാണ് ഇതിലൂടെ രൂപീകൃതമാകുന്നത്.
പ്രധാന പ്രവർത്തനങ്ങൾ
1. കപ്പാസിറ്റി ബിൽഡിംഗ്
ബാലസഭ പ്രവർത്തനങ്ങൾ സജീവമാകുന്നതിനും, പുതിയ ബാലസഭാ രൂപീകരണവും, ഇതിന്റെ പ്രയോജനം പരമാവധി കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നതിനായി ബാലസഭ ആർ.പി, ബ്ലോക്ക് കോർഡിനേറ്റർ, ഡി.പി.എം മാർ എന്നിവർക്ക് പരിശീലനം നൽകുക എന്നാണ് കപ്പാസിറ്റി ബിൽഡിംഗ് എന്ന പദ്ധതിയിലൂടെ ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നതും പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നും ഉള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അത്തരത്തിൽ ഉള്ള കുട്ടികളെ സ്പെഷ്യൽ ബാലസഭയിൽ അംഗങ്ങളാക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.
2. ഹോളിസ്റ്റിക് ഹെൽത്ത്
കുട്ടികളുടെ മാനസിക,ശാരീരിക, കായിക, പ്രതിരോധ ശേഷി വർധിപ്പിക്കുകയും അതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനുമായി ജാഗ്രതോത്സവം, ബിൽഡിംഗ് റിസിലിയൻസ് എന്നീ പദ്ധതികൾ എല്ലാ ബാലസഭകളിലും നടപ്പിലാക്കും.ആരോഗ്യവും ശുചിത്വവും എന്നതിനെ സംബന്ധിച്ച ജാഗ്രതോത്സവം, പെൻസിൽ ക്യാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾ മറ്റു വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്നതാണ്. പരിപാടികൾ സംഘടിപ്പിക്കും. ജില്ലകളിൽ കുറഞ്ഞത് 4 കലാ/കായിക സംഘങ്ങൾ രൂപികരിക്കുകയും അതിലൂടെ തെരഞ്ഞെടുത്ത കുട്ടികൾക്ക് കായിക പരിശീലനം ലഭ്യമാക്കും.
3. നൈപുണ്യ വികസന പരിശീലനം
കുട്ടികളുടെ വ്യക്തിത്വ വികസനവും അവരുടെ കഴുവുകൾ പരിപോഷിക്കുന്നതിനും അവസരം ഒരുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് .മറ്റു ഏജൻസികളുടെ സഹകരണത്തോടെ ജില്ലാ തലത്തിൽ വ്യക്തിത്വ വികസനം, ജീവിത നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നതായിരിക്കും
4. ബാല പാർലമെന്റ്
കുട്ടികളെ ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും, വ്യാപ്തിയും മനസ്സിലാക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ബാലപഞ്ചായത്ത്, ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ ബാലപാർലമെന്റ്, ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 ആൺകുട്ടികളും 5 പെൺകുട്ടികളും പ്രതിനിധികളായി എത്തുന്ന സംസ്ഥാന ബാലപാർലമെന്റ് എന്നിവ സംഘടിപ്പിക്കും.കൂടാതെ വിവിധ വകുപ്പുകളുടെ മേധാവികളുമായി കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ സംവേദിക്കുന്നതിനും അവരുടെ സംശയങ്ങൾക്കു വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് മറുപടി ലഭ്യമാക്കുന്നതിനും വേണ്ട ഒരു വേദി ബാലസഭാ കുട്ടികൾക്ക് ജില്ലാ സംസ്ഥന തലത്തിൽ ഒരുക്കുകയും ചെയ്യും.
5. ശാസ്ത്രോത്സവം
ആധുനിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനം ചെലുത്തിയതുമായ മുന്നേറ്റങ്ങളിലൊന്നാണ് റഷ്യൻ രസതന്ത്രജ്ഞൻ ദിമിത്രി ഇവാനോവിച്ച് മെൻഡലീഫ് 1869ൽ കെമിസ്ട്രിയുടെ കാര്യത്തിൽ നടത്തിയ പീരിയോഡിക് ടേബിളിന്റെ കണ്ടെത്തൽ. രസതന്ത്രത്തിന്റെ മാത്രമല്ല, ഭൗതികശാസ്ത്രം, ജീവശാസ്ത്രം ഉൾപ്പടെ മറ്റ് ശാസ്ത്ര പഠനമേഖലകളുടെയും അന്തസത്ത പ്രതിഫലിപ്പിക്കുന്ന കണ്ടുപിടുത്തമാണിത്. ഇൗ പ്രാധാന്യം കണക്കിലെടുത്താണ്, 2017 ഡിസംബർ 20ന് നടന്ന യു.എൻ.പൊതുസഭയുടെ എഴുപത്തിരണ്ടാം സമ്മേളനം, 2019 പീരിയോഡിക് ടേബിളിന്റെ (ആവർത്തന പട്ടിക) വർഷമായി (കഥജഠ 2019) ആചരിക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷം ആയി ആചരിക്കുന്ന ഈ അവസരത്തിൽ ബാലസഭയിലെ കുട്ടികളിൽ ശാസ്ത്ര ഗണിത വിഷയങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുകയും, ശാസ്ത്രാവബോധം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
6. ബാലകൃഷി
കുട്ടികളിൽ കാർഷിക ശീലം വളർത്തുക, നല്ല ഭക്ഷണം, പരിസര ശുചിത്വം എന്നിവയുടെ ആവശ്യകത മനസിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബാലസഭ പ്രവർത്തനത്തിന്റെ ഭാഗമായി “ബാലകൃഷി” പദ്ധതി അസൂത്രണം ചെയ്തിരിക്കുന്നത്.
7. ബാല ലൈബ്രറി
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുവാൻ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പ്രവൃത്തിയാണ് ബാല ലൈബ്രറികൾ. നിലവിൽ ഉള്ളത് മെച്ചപ്പെടുത്തുകയും ആവശ്യമുള്ളടത്ത് പുതിയത് ആരംഭിക്കുകയും ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.
8. ബിൽഡിംഗ് റസീലിയൻസ് (ദുരന്ത അതിജീവന പ്രവർത്തനം)
2018 ലെ പ്രളയത്തിന് ശേഷം കുട്ടികളുടെ ഇടയിൽ മാനസികവും ഭൗതികവുമായ തിരിച്ചു വരവിനു വഴി ഒരുക്കുന്ന പ്രവർത്തനങ്ങളുമായി കുടുംബശ്രീയും അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചിൽഡ്രനും സംയുക്തമായി ബിൽഡിംഗ് റസീലിയൻസ് എന്ന പ്രവർത്തനം ഏറ്റെടുക്കുകയുണ്ടായി. ഈ പ്രവർത്തനത്തിലൂടെ ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലായി 64,483 കുട്ടികളിലേക്ക് സഹായങ്ങൾ എത്തിക്കുവാൻ സാധിച്ചു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഈ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചുകൊണ്ടു കുട്ടികളിൽ മാനസികവും ഭൗതികവുമായ തിരിച്ചുവരവിനു വഴി ഒരുക്കുന്ന പ്രവർത്തനങ്ങളാണ് ഇത് വഴി നടത്തുന്നത്.