പി.എം.എ.വൈ.

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) ലൈഫ് പദ്ധതി

‘എല്ലാവർക്കും ഭവനം’ എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും, നഗരസഭകളുടേയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (നഗരം) ലൈഫ്.സംസ്ഥാന സർക്കാരിന്റെ സമഗ്ര പാർപ്പിട പദ്ധതിയായ ലൈഫ് മിഷനുമായി സംയോജിപ്പിച്ചു കൊണ്ടാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീയാണ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസി. കേരളത്തിൽ 2015 ഡിസംബറിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

 

പദ്ധതി ഘടകങ്ങൾ

• സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമ്മിക്കുവാൻ 4 ലക്ഷംരൂപ അനുവദിക്കുന്ന ഗുണഭോക്തൃകേന്ദ്രീകൃത നിർമ്മാണം
• വീട് വാങ്ങുന്നതിന് / നിർമ്മിക്കുന്നതിന് പലിശ സബ്സിഡി അനുവദിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം
• ഭൂരഹിത-ഭവന രഹിതർക്ക് പാർപ്പിട സമുച്ചയം നിർമ്മിച്ച് നൽകുന്ന അഫോർഡബിൾ ഹൗസിംഗ് ഇൻ പാർട്ണർഷിപ്പ്
• ഭൂമി ഒരു വിഭവമായി പരിഗണിച്ചുകൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചേരി വികസനം

 

ഗുണഭോക്തൃകേന്ദ്രീകൃത ഭവന നിർമ്മാണം (BLC)

സംസ്ഥാനത്തെ 93 നഗരസഭകളിലും പദ്ധതി നടപ്പിലാക്കിവരുന്നു.  2016 മുതൽ 817 ഡി.പി.ആറുകളിലായി 1,31,757 വീടുകൾ നിർമ്മിക്കുന്നതിന്  5270.28 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാളിതുവരെ 1957.53 കോടിരൂപ കേന്ദ്ര സംസ്ഥാന വിഹിതമായി പദ്ധതിയ്ക്ക് ലഭ്യമായിട്ടുണ്ട് (കേന്ദ്ര വിഹിതം 1435.70 കോടി രൂപ, സംസ്ഥാന വിഹിതം 521.83 കോടി രൂപ). ഇതിൽ 2.448 കോടി രൂപ ഭവന സമുച്ചയം നിർമ്മിക്കുന്നതിന്   അഫോർഡബിൾ ഹൗസിംഗ് ഇൻ പാർട്ണർഷിപ്പ് ഘടകത്തിനായി ലഭിച്ചിട്ടുള്ളതാണ്. കേന്ദ്ര സംസ്ഥാന വിഹിതമായി നാളിതുവരെ ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ചിട്ടുണ്ട്.
• ആകെ അംഗീകാരം ലഭിച്ച ഗുണഭോക്താക്കൾ : 1,31,757
• ഭവന നിർമ്മാണം ആരംഭിച്ച ഗുണഭോക്താക്കൾ : 1,12,018
• നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾ : 83,347

 

അഫോർഡബിൾ ഹൗസിംഗ് ഇൻ പാർട്ണർഷിപ്പ്

ഭൂരഹിത ഭവന രഹിതർക്ക് പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള അഫോർഡബിൾ ഹൗസിംഗ് ഇൻ പാർട്ണർഷിപ്പ് ഘടകത്തിൽ ഉൾപ്പെടുത്തി 11 പാർപ്പിട സമുച്ചയങ്ങളിലായി 970 കുടുംബങ്ങൾക്ക് ഭവന യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള അനുമതിലഭിച്ചു. ഇതിൽ 936 യൂണിറ്റുകളുടെ നിർമ്മാണം ആരംഭിക്കുകയും 490 യൂണിറ്റുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഇതിൽ ഒരു യൂണിറ്റിന് 1.5 ലക്ഷം രൂപ കേന്ദ്ര സർക്കാരും, ബാക്കി മുഴുവൻ തുകയും സംസ്ഥാന സർക്കാരും നൽകുന്നു. പദ്ധതിക്കാവശ്യമായ വസ്തു കണ്ടെത്തുന്നത് നഗരസഭകളാണ്.


മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ

• ഏറ്റവും കൂടിയ യൂണിറ്റ് കോസ്റ്റ് (4 ലക്ഷംരൂപ)
• കേന്ദ്ര വിഹിതം(37.5 %)സംസ്ഥാന നഗരസഭ വിഹിതം(62.5 %)
• ഗുണഭോക്തൃ കുടുംബങ്ങൾക്ക് ഭവന ഇൻഷുറൻസ് (പ്രീമിയം സർക്കാർ അടയ്ക്കുന്നു)
• നഗരസഭാ വിഹിതം കണ്ടെത്തുന്നതിനായി നഗരസഭകൾക്ക് 1051.66 കോടിരൂപ (52583 ഗുണഭോക്താക്കൾക്ക്) ഹഡ്കോ വായ്പ അനുവദിച്ചു. കൂടാതെ 10,850 ലൈഫ് 20-20 ഗുണഭോക്താക്കൾക്കായി 217 കോടിരൂപ ഹഡ്കോ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു (പലിശ സർക്കാർ വഹിക്കുന്നു)
• മികച്ച സംയോജന മാതൃകകൾ

 

സംയോജന മാതൃകകൾ

നഗരപ്രദേശത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനോടൊപ്പം വിവിധ പദ്ധതികളുമായുള്ള സംയോജനത്തിലൂടെ ഗുണഭോക്തൃ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം ഉൾപ്പെടെ ഉറപ്പു വരുത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും നടത്തി വരുന്നു. വിവിധ കേന്ദ്രസംസ്ഥാന പദ്ധതികളുമായുള്ള സംയോജനത്തിലൂടെ പി.എം.എ.വൈ (നഗരം) ലൈഫ് ഗുണഭോക്താക്കൾക്ക് ഉപജീവനോപാധികൾ, ഭവന നിർമ്മാണത്തിനുള്ള അധിക ധനസഹായം, സാമൂഹ്യസുരക്ഷാ പെൻഷനുകൾ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ നിലവിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജനത്തിലൂടെ പി.എം.എ.വൈ (നഗരം) ലൈഫ് കുടുംബങ്ങൾക്ക് 90 അധിക തൊഴിൽദിനങ്ങളും 27,990 രൂപയുടെ അധിക സാമ്പത്തിക സഹായവും നൽകിവരുന്നു. അതോടൊപ്പം പി.എം.എ.വൈ (നഗരം) ലൈഫ് ഗുണഭോക്താക്കൾക്ക് ലേബർ കാർഡ് ലഭ്യമാക്കുക വഴി തുടർന്നുള്ള വർഷങ്ങളിലും തൊഴിൽലഭ്യത ഉറപ്പുവരുത്തി നഗരസഭകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അധിക സാമ്പത്തിക സഹായം ജീവനോപാധികൾ, സോളാർ വിളക്കുകൾ, മാലിന്യ സംസ്ക്കരണത്തിനുള്ള യൂണിറ്റുകൾ തുടങ്ങി വിവിധ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. മുഴുവൻ ഗുണഭോക്തൃ കുടുംബങ്ങളെയും അയൽക്കൂട്ടങ്ങളിലേയ്ക്കെത്തിക്കുന്നതിന് വേണ്ട ഇടപെടലുകളും നടത്തിവരുന്നു. ഭവന നിർമ്മാണത്തിനുള്ള അധിക തുക കണ്ടെത്തുന്നതിന് അയൽക്കൂട്ടങ്ങളിൽ നിന്നും ലിങ്കേജ് വായ്പ അനുവദിച്ചു നൽകുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കോർപ്പറേറ്റ് സോഷ്യൽ സ്പോൺസബിലിറ്റിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിവരുന്നു.